
നാള് നീളുന്നതിനൊത്ത്
Lafz - Najma Pearl
Rendition - Shibili Hameed
നാള് നീളുന്നതിനൊത്ത്
മൗനമുറച്ച്
ഹൃദയങ്ങൾ ശിലകളെക്കാൾ കടുപ്പമുള്ളതാകും.
വാചാലമായിരുന്നോരോ നിമിഷങ്ങളും
വാക്കൊഴിഞ്ഞ് നോവ് മൂടി കരുവാളിച്ച്പോകും.
ഹൃദയങ്ങൾ,
പരസ്പരം പങ്കിടാതെ ശ്വാസംമുട്ടി മരണമടഞ്ഞ
കിസ്സകളുടെ ഖബറിടമായിമാറും.
പെയ്തൊഴിയാത്ത പരിഭവമേഘങ്ങൾ
ഏത് നേരത്തും സംഹാരശേഷിയുള്ള പ്രളയത്തെ പെയ്ത് കൂട്ടും.
ഏത് കടുപ്പവും ആർദ്രമാക്കേണ്ടിയിരുന്ന
ആലിംഗനം കൊതിച്ച ദേഹങ്ങൾ
ഗതിതെറ്റിയ മരുഭൂയാത്രക്കാരനെ പോലെ
മനോനിലതെറ്റി തകർന്ന്പോകും.
ചുണ്ടിലൂടെ പകർന്നു
കത്തിപ്പിടിക്കാൻ തെളിഞ്ഞു നിന്ന പ്രണയസ്പുലിംഗങ്ങൾ
ഈ ദുനിയാവ് തന്നെ കത്തിച്ചുകളയും.
അങ്ങനെ ഞാനും നീയും ചേർന്ന നമ്മൾ
ഏത് നിലക്കും ഇല്ലാതായി തീരും.
നജ്മപേൾ.